08:31pm 23 June 2026
NEWS
202.80 കോടി രൂപയുടെ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ച് ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ്
23/06/2026  05:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
202.80 കോടി രൂപയുടെ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ച് ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ്

കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് 2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബോണസായി 202.80 കോടി രൂപ പ്രഖ്യാപിച്ചു. മുന്‍വര്‍ഷത്തെ ബോണസ് പ്രഖ്യാപനത്തെ അപേക്ഷിച്ച് 15 ശതമാനം വളര്‍ച്ചയാണ് ഇതിലൂടെ കമ്പനി കൈവരിച്ചിരിക്കുന്നത്. തുടര്‍ച്ചയായി 12-ാമത്തെ വര്‍ഷമാണ് കമ്പനി  ബോണസ് പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 32 ശതമാനം എന്ന ശക്തമായ വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ബോണസ് പ്രഖ്യാപനം കമ്പനിയുടെ ലാഭവിഹിതത്തിന് അര്‍ഹതയുള്ള 1,40,651 പോളിസി ഉടമകള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യും.

മികച്ച നിക്ഷേപ ശൈലിയുടെയും ശക്തമായ ഫണ്ട് മാനേജ്മെന്‍റിന്‍റെയും അടിസ്ഥാനത്തില്‍ പങ്കാളിത്ത പദ്ധതികളുടെ റിവേര്‍ഷനറി ബോണസ് നിരക്കുകളിലും ക്യാഷ് ബോണസ്  നിരക്കുകളിലും കമ്പനി മികച്ച വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ഈ പ്രഖ്യാപനത്തില്‍ റിവേര്‍ഷനറി ബോണസ്, ക്യാഷ് ബോണസ്, ടെര്‍മിനല്‍ ബോണസ് എന്നിവയും ഉള്‍പ്പെടുന്നു.

വിവിധ സമ്പാദ്യ പദ്ധതികള്‍ക്ക് കീഴില്‍ ഉല്‍പ്പന്നങ്ങളുടെ സവിശേഷതയും പോളിസി കാലാവധിയും അനുസരിച്ച് ഗ്യാരന്‍റീഡ് സം അഷ്വേര്‍ഡിന്‍റെ പരമാവധി 11.90 ശതമാനം  വരെയും സം അഷ്വേര്‍ഡിന്‍റെ 6.50 ശതമാനം വരെയും ആയി റിവേര്‍ഷനറി ബോണസ് ഉയര്‍ത്തി.

സൂപ്പര്‍ ക്യാഷ് പ്ലാന്‍ പ്രകാരം പ്രീമിയം അടയ്ക്കുന്ന കാലാവധിക്ക് അനുസരിച്ച് മെച്യൂരിറ്റി സം അഷ്വേര്‍ഡിന്‍റെ പരമാവധി 2 ശതമാനം വരെയാക്കി ക്യാഷ് ബോണസ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു.

ദീര്‍ഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നതിനുമായി തിരഞ്ഞെടുക്കപ്പെട്ട പ്ലാനുകളില്‍ സം അഷ്വേര്‍ഡിന്‍റെ പരമാവധി 19 ശതമാനം വരെ ആകര്‍ഷകമായ ടെര്‍മിനല്‍ ബോണസ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥിരതയാര്‍ന്ന സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് പ്രൊഡക്റ്റ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അതുല്‍ ശ്രീവാസ്തവ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യത്തിലും ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലത്തേക്ക് മികച്ച നേട്ടങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ തെളിവാണ് ഈ വാര്‍ഷിക ബോണസ് പ്രഖ്യാപനം. വിപണിയിലെ വെല്ലുവിളികള്‍ക്കിടയിലും മൂലധന വിനിയോഗം കൃത്യമായി ക്രമീകരിച്ചുകൊണ്ട് സുരക്ഷിതമായ വരുമാനം ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അതുല്‍ ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

ഈ പ്രഖ്യാപിച്ച ബോണസ് നിരക്കുകള്‍ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പോളിസി വര്‍ഷം പൂര്‍ത്തിയാക്കുന്നതും പേഔട്ടുകള്‍ ലഭിക്കാന്‍ യോഗ്യതയുള്ളതുമായ പോളിസികള്‍ക്ക് ബാധകമായിരിക്കും. കൂടാതെ അടുത്ത ബോണസ് പ്രഖ്യാപനം വരെയുള്ള ഇടക്കാല ബോണസ് നിരക്കുകളായും ഇത് തുടരും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img